Saturday, October 9, 2010

വിവാഹം

പ്രാചീന കാലത്തെ മനുഷ്യന് ഇരതേടുക, ഇണചേരുക, ഉറങ്ങുക, സ്വയം സംരക്ഷിക്കുക തുടങ്ങിയ ചര്യകള്‍ മാത്രമായിരുന്നു ജീവിതം. ഇതില്‍ ഇണതേടുക എന്ന ക്രിയക്ക് സദാചാര നിബദ്ധമായ ഒരു രൂപം കൊണ്ടുവന്നത് ഉദ്ദാലക മഹര്‍ഷിയുടെ പുത്രനായ ശ്വേതകേതുവാണ് എന്ന് ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. ഈ ക്രിയക്ക് ഉദ്വാഹം അഥവാ മാഹാത്മ്യമുള്ള വഹിക്കല്‍ എന്നു പേരും നല്‍കി. മഹര്‍ഷീശ്വരന്മാര്‍ ഇതിന് നിയതമായ ക്രിയകളും മുഹൂര്‍ത്തങ്ങളും കല്‍പ്പിച്ചുനല്‍കി. എങ്കിലും ഇന്നും വിവിധ സമുദായങ്ങളില്‍ വിവാഹാചാരങ്ങള്‍ വ്യത്യസ്തമാണ്.

വിവാഹം പ്രധാനമായും 8 തരത്തില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ബ്രാഹ്മം,ദൈവികം,ആര്‍ഷം,കായം,ആസുരം, ഗാന്ധര്‍വം, രാക്ഷസം, പൈശാചം എന്നിവയാണവ. ഇതില്‍ ദൈവികം എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമാണ്. ഇപ്പോള്‍ നാം അനുവര്‍ത്തിക്കുന്ന തരത്തിലുള്ള ജാതകപ്പൊരുത്തവിശകലനം വേദകാലത്ത് ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. ശ്രുതികളിലോ സ്മ്രുതികളിലോ ഇത്തരത്തില്‍ സൂചനകള്‍ ഒന്നുമില്ല.എന്നാല്‍ കുടുംബജീവിതം സമൂഹത്തിന്‍റെ അടിത്തറയായി മാറാന്‍ തുടങ്ങുകയും സാമൂഹ്യജീവിതം നിശ്ചിത നിയമങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ പരസ്പരം ചേര്‍ച്ചയുള്ള സ്ത്രീപുരുഷന്മാരെ കണ്ടെത്തേണ്ടതായി വന്നു. ക്രുഷി, വീട്, സമ്പത്ത് തുടങ്ങിയവക്കുമപ്പുറം എന്തോ ഒന്ന് സന്തുഷ്ടമായ കുടുംബജീവിതത്തെ നിയന്ത്രിക്കുന്നതില്‍ ഉണ്ടെന്ന് അന്നത്തെ ഗവേഷകര്‍ മനസ്സിലാക്കി. തുടര്‍ച്ചയായ നിരീക്ഷണം മാത്രമായിരുന്നു അവരുടെ പഠനോ‍പകരണം. ഇതില്‍ നിന്നാണ് ഗ്രഹനിലകളും ജന്മനക്ഷത്രങ്ങളും ഒരു വ്യക്തിയുടെ വിവാഹ ജീവിതത്തെ ബാധിക്കുന്നുവെന്നും അതുമായി ചേരുന്ന ഗ്രഹനിലയുള്ള മറ്റൊരു വ്യക്തിയുമായി മാത്രമേ സന്തുഷ്ട കുടുംബജീവിതം സാധ്യമാകൂ എന്നും അവര്‍ കണ്ടെത്തിയത്. ഇതിന്‍റെ തുടര്‍ച്ചയായാവണം ചൊവ്വാദോഷം, പാപസാമ്യം തുടങ്ങിയ തത്വങ്ങള്‍ കണ്ടുപിടിച്ചത്.

സ്ത്രീജാതകത്തില്‍ വൈധവ്യദോഷമുണ്ടെങ്കില്‍ അതേപോലെ വിധുരതാ ലക്ഷണം ഉള്ള പുരുഷജാതകം അതില്‍ ചേര്‍ക്കുന്നത് ശുഭമാണ് എന്ന പരാശരഹോരാപ്രമാണമാണ് ചൊവ്വദോഷചിന്തയുടെ അടിസ്ഥാനം. പാപസാമ്യവും ഇത്തരത്തില്‍ തന്നെ എങ്കിലും അതില്‍ പൂര്‍വജന്മാര്‍ജിത പുണ്യം കൂടി പരിഗണിക്കേണ്ടി വരുന്നു. സ്ത്രീ ജാതകത്തില്‍ പാപം അല്പം കുറഞ്ഞിരിക്കുന്നത് നന്നെന്നാണ് ജ്യോതിഷത്തിന്‍റെ കാഴ്ചപ്പാട്. ഓരോ നക്ഷത്രങ്ങളിലും ജനിച്ചവര്‍ക്കുള്ള പ്രത്യേകതകള്‍, സ്വഭാവം ഇവയുടെ പൊരുത്തമാണ് നക്ഷത്രപൊരുത്തത്തിന് അടിസ്ഥാനം. രാശി, രാശ്യധിപന്‍, വശ്യം, മാഹേന്ദ്രം, ഗണം, യോനി, ദിനം, ദീര്‍ഖം, രജ്ജു, വേധം ഇവയാണ് അവ. ഇതിനു പുറമെ സ്ത്രീപുരുഷന്മാരുടെ ദശാസന്ധികള്‍ ഒരുമിച്ചു വരുമൊ എന്നും ഗ്രഹചാരദോഷങ്ങള്‍ ഒരുമിച്ചു വരുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിനും പുറമെ സൂക്ഷ്മമായി അഷ്ടകവര്‍ഗപ്പൊരുത്തം, ചിത്താനുകൂല്യം, ആയവ്യയപ്പൊരുത്തം എന്നിവയും നോക്കാറുണ്ട്. ‘ശശാങ്കശാരദീയം’ എന്ന ഗ്രന്ഥത്തില്‍ നിസ്സന്താനജാതകത്തില്‍ സസന്താന ജാതകത്തേയും നിര്‍ദ്ദയത്വത്തോട് കരുണയുള്ളതിനേയും ദരിദ്രജാതകത്തോട് ധനിക ജാതകത്തേയും രോഗിയോട് അരോഗിയേയും അറിവില്ലാത്തതിനോട് വിജ്ഞാനിയുടെ ജാതകത്തേയും ചേര്‍ക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിനും പുറമെ ഹസ്ത രേഖാ പ്രകാരവും പൊരുത്തം നോക്കാറുണ്ട്.

വിവാഹ മുഹൂര്‍ത്തത്തിനും പൊരുത്തത്തോളം തന്നെ പ്രാധാന്യമുണ്ട്. ശുഭതിഥികളും ശുഭ നക്ഷത്രങ്ങളും തെരഞ്ഞെടുത്ത ശേഷം മാത്രം മതി രാഹുകാലം നോക്കുന്നത്. മേടം രാശിയും മുഹൂര്‍ത്ത രാശിയില്‍ ചന്ദ്രനും അഷ്ടമത്തില്‍ രാഹു/ ചൊവ്വ ഈ ഗ്രഹങ്ങളും ഏഴില്‍ ഏതെങ്കിലും ഗ്രഹം നില്‍ക്കുന്നെങ്കില്‍ അതും മീനമാസം രണ്ടാം പകുതിയും കര്‍ക്കിടകം, കന്നി, കുംഭം,ധനു മാസങ്ങളും ഒഴിവാക്കണം. മുഹൂര്‍ത്തത്തിനു നോക്കിയ നക്ഷത്രത്തില്‍ ഗ്രഹം നിന്നല്‍ ആ നാളും ഒഴിവാക്കണം.ശലാകാ വേധവും വ്യാഴം, ശുക്രന്‍ ഇവരുടെ ബാല്യവാര്‍ധക്യങ്ങളും പാടില്ല. വരന്‍ ജനിച്ച നക്ഷത്രം ഒഴിവാക്കണം. ജന്മരാശിയുടെ ഏഴില്‍ ഏതെങ്കിലു ഗ്രഹം നിന്നാല്‍ അക്കാലവും ഒഴിവാക്കണം. ശുഭമുഹൂര്‍ത്തത്തില്‍ ചെയ്യുന്ന വിവാഹം ശ്രേയസ്കരമായിരിക്കും. ഇപ്രകാരം നല്ല സമയം ഗ്രഹനില പ്രകാരം ലഭിക്കാത്ത സാഹചര്യത്തിലും അടിയന്തിരമായി ഒരു നിശ്ചിത ദിവസം തന്നെ വിവാഹം നടത്തേണ്ടി വരുമ്പോഴും പകല്‍ എട്ടാമത്തെ മുഹൂര്‍ത്തമായ ‘ അഭിജിത്’ മുഹൂര്‍ത്തം നിര്‍ദ്ദേശിക്കാവുന്നതാണ്. പൂര്‍ണമായും ശുഭമായ മുഹൂര്‍ത്തങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മുഹൂര്‍ത്ത പ്രായശ്ചിത്തമെന്ന നിലയില്‍ ചില വഴിപാടുകള്‍ ചെയ്യുന്നത് ഗുണകരമായിരിക്കും.

പ്രേമവിവാഹങ്ങളുടെ കാര്യത്തില്‍ പലപ്പോഴും ജാതകപ്പൊരുത്തം, പാപസാമ്യം ഇവയൊന്നും നോക്കാന്‍ കഴിയാറില്ല. പല പ്രേമബന്ധങ്ങളും ദു:ഖപര്യവസായിയാകാനും ഇതായിരിക്കാം കാരണം. പക്ഷെ, ജ്യോതിഷത്തില്‍ ചില പരിഹാര കര്‍മ്മങ്ങളോടെ പൊരുത്തമില്ലാത്ത ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കാനും വിധിയുണ്ട്. ഇപ്രകാരം ചെയ്യുന്ന പലരും സ്വസ്ഥതയോടെ ജീവിക്കുന്നതായും കാണുന്നു. ഏതൊരു കര്‍മ്മത്തിനും ദൈവാനുകൂല്യമാണ് പ്രധാനം എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്.

5 comments:

  1. “പ്രേമവിവാഹങ്ങളുടെ കാര്യത്തില്‍ പലപ്പോഴും ജാതകപ്പൊരുത്തം, പാപസാമ്യം ഇവയൊന്നും നോക്കാന്‍ കഴിയാറില്ല. പല പ്രേമബന്ധങ്ങളും ദു:ഖപര്യവസായിയാകാനും ഇതായിരിക്കാം കാരണം.“

    മറ്റ് മതങ്ങളിലുള്ളവര്‍ ഇതൊന്നും നോക്കാതെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിനെ എങ്ങിനെ എന്ന് ഒന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു ;)

    ReplyDelete
  2. മറ്റ് മതങ്ങളിലുള്ളവര്‍ ഇതൊന്നും നോക്കാതെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിനെ എങ്ങിനെ എന്ന് ഒന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു
    ഈ ചോദ്യത്തിനുള്ള ഉത്തരം ആ വേലിക്കെട്ടുകൾ തകർത്ത് പുറത്തുവരുക.

    ReplyDelete
  3. ഹിന്ദുക്കളുടെ ഇടയിൽ സാധാരണയായി ജാതകവും പൊരുത്തവും നോക്കിയാണ് വിവാഹം നടത്തുന്നത്. അതിനാൽ തന്നെ വിവാഹമോചനം നടത്തുന്നവരിലെ ഏകദേശം മുഴുവനാളുകളും ജാതകം ചേരുന്നവർ തന്നെയാണ്. എന്തുകൊണ്ട് ജാതകപ്രകാരം പൊരുത്തമുള്ളവർ വേർപിരിയേണ്ടി വരുന്നു? എന്റെ നാട്ടിലെ ഒരു ജ്യോത്സ്യന്റെ മകൾ അടുത്തിടെ വിവാഹമോചനം നേടി. അതെന്തുകൊണ്ട് അദ്ദേഹം മുൻ കൂട്ടി കണ്ടില്ല.

    ReplyDelete
  4. പ്രിയ മനോജ്, അനൂപ്, വവ്വാക്കാവ്,
    അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ജ്യോതിഷം ഉപജീവനമാര്‍ഗമായും അലക് ഷ്യമായും കൈകാര്യം ചെയ്യുന്ന ആളുകളാണ് ഈ ശാസ്ത്ര ശാഖയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നത്. യഥാര്‍ഥ ജന്മസമയത്തെ അടിസ്ഥാനപ്പെടുത്തി, യഥാര്‍ഥത്തില്‍ ഈ ശാസ്ത്രം നന്നായി പഠിച്ച് സിദ്ധിവരുത്തിയിട്ടുള്ള ഒരാള്‍ തയ്യാറാക്കുന്ന ജാതകം ഒരിക്കലും തെറ്റുന്നതല്ല. അത്തരം രണ്ടു ജാതകങ്ങള്‍ പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങള്‍ ഒരിക്കലും പിഴക്കുകയുമില്ല. ജനനസമയത്തില്‍ മിനിട്ടുകളുടെ മാറ്റം പോലും ജാതകത്തില്‍ വലിയ മാറ്റം വരുത്തും. എന്നാല്‍ ഇപ്പൊള്‍ നമുക്ക് ഡോക്ടറോ നേഴ്സോ പറയുന്ന സമയമേ കണക്കാക്കാന്‍ കഴിയൂ. ഒരു സമയം ഒരു സ്ഥലത്ത് കൂടിനില്‍ക്കുന്ന പത്തുപേരോട് ക്രുത്യ സമയം ചോദിച്ചുനോക്കൂ. അപ്പോഴറിയാം ഓരോരുത്തരുടേയും വാച്ചിലെ സമയത്തിന്‍റെ അന്തരം. ഇതേ വ്യത്യാസം ജനനസമയം നോക്കുന്നതിലും ഉണ്ടാകാം.

    മറ്റൊരുകാര്യം, ജ്യോതിഷത്തെ സ്വാര്‍ഥലാഭത്തിന് കൂട്ടുപിടിക്കുന്ന മാതാപിതാക്കളും അവരുടെ പണം മാത്രം ലക് ഷ്യമാ‍ക്കി പൊരുത്തമെഴുതുന്ന ‘പ്രൊഫഷണല്‍സും’ ആണ്. സാമൂഹ്യമായും സാമ്പത്തികമായും ഒത്തു വരുന്ന വിവാഹാലോചന ജാതകത്തിന്‍റെ പേരില്‍ മാത്രം മുടങ്ങാതിരിക്കാന്‍ പൊരുത്തമെഴുതുന്നതില്‍ തിരിമറി നടത്താന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നതും പണം വാങ്ങി ജോത്സ്യന്‍ അതിനു കൂട്ടുനില്‍ക്കുന്നതും പലയിടത്തും സംഭവിക്കുന്നു. ‘പത്തില്‍‍ എട്ടു പൊരുത്തവും ഉണ്ട്... ഇനി പാപസാമ്യവും ചൊവ്വയും നോക്കെണ്ട...’ എന്ന് അലക് ഷ്യമായി വിചാരിക്കുന്ന ജോത്സ്യന്മാരുമുണ്ട്. ഇവര്‍ വരുത്തുന്ന കളങ്കം ശാസ്ത്രത്തിന്റെ വിശ്വാസ്യതക്കാണ് മങ്ങലേല്‍പ്പിക്കുന്നത്.
    ഇനി മറ്റു മതങ്ങളിലെ വിവാഹങ്ങളുടെ കാര്യം. വിവാഹം ദൈവികമാണെന്ന് ഹിന്ദുമതം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് ക്രിസ്തുമതം. വിവാഹം അള്ളാഹുവിന്‍റെ കല്പന അനുസരിക്കലാണെന്ന് ഇസ്ലാം മതം. ഈ മൂന്നു മതങ്ങളിലെയും ആചാര്യന്മാരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിത്തന്നെയാണ് ജ്യോതിഷം രൂപപ്പെടുത്തിയിട്ടുള്ളത്. റോമര്‍, അഗസ്റ്റസ് എന്നിവരും സൂഫി വര്യന്മാരും പേര്‍ഷ്യന്‍ ഗവേഷകരായിരുന്ന അല്‍-മന്‍സൂര്‍, അല്‍-ഫസാരി, അറബി ജ്യോതിശ്ശസ്ത്രജ്ഞനായ അബു മസ്’ഹാര്‍ എന്നിവരും ഉദാഹരണം. ഈ ശാസ്ത്രത്തിന് ഇന്ത്യയില്‍ കൂടുതല്‍ വേരുകള്‍ ഉള്ളതിനാലാകണം ഹിന്ദുക്കള്‍ ഇത് കൂടുതലായി കൈകാര്യം ചെയ്യന്‍ ഇടയായത്.‍ വിമര്‍ശനങ്ങള്‍ ധാരാളമുണ്ടെങ്കിലും, ഹിന്ദുക്കളല്ലാത്തവരും ഇപ്പോള്‍ പഴയതിലും കൂടുതലായി ജ്യോതിഷത്തെ ആശ്രയിക്കുന്നതായി കാണുന്നു. ഓരോ മതക്കാര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. അവയിലെ ആചാര്യന്മാര്‍ക്ക് വിവാഹപൊരുത്തം നിര്‍ദ്ദേശിക്കാനുള്ള കഴിവുമുണ്ട്.
    പ്രേമവിവാ‍ഹങ്ങളില്‍ പലതും പരാജയമാണെന്ന് പറയാന്‍ കാരണം കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വരുന്ന ആളുകളെ പഠിച്ചതില്‍നിന്നാണ്. പ്രശ്നവുമായി വരുന്ന മറ്റൊരു വിഭാഗം സ്വന്തം വീട്ടുകാരുടെ ‘നിര്‍ബന്ധത്തിനു’ വഴങ്ങി വിവാഹം ചെയ്തവരാണ്. അത്ഭുതമെന്നു പറയാവുന്ന ഒരു കാര്യം, ജാതകം നോക്കാതെ, പ്രേമവിവാഹം ചെയ്യുന്ന ആളുകളില്‍ ഒരു ചെറിയ വിഭാഗത്തിന്‍റെ ജാതകങ്ങള്‍ അതിശയകരമായ പൊരുത്തവും പൂര്‍വജന്മ ബന്ധവും കാണിക്കുന്നു എന്നതാണ്. ഈ ദമ്പതികള്‍ പരസ്പരസ്നേഹത്തോടെ ജീവിക്കുന്നതായും കാണുന്നു. വിവാഹ ജീവിതത്തില്‍ ‘ദൈവത്തിന്‍റെ കൈ’ ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ ഇതാണ് കാരണം.

    ReplyDelete
  5. ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    ReplyDelete