Monday, February 25, 2013

അഭിജിത്ത് മുഹൂര്‍ത്തം




ശുഭ  കര്‍മ്മങ്ങള്‍ആരംഭിക്കുന്നതിനുള്ള  ദോഷരഹിതമായ സമയത്തെയാണ്  മുഹൂര്‍ത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പകലും രാത്രിയുമായി ആകെ 30 മുഹൂര്‍ത്തങ്ങള്‍ആണുള്ളത്. പകലും രാത്രിയും 15 വീ തം. ഒരു മുഹൂര്‍ത്തം സാമാന്യമായി 2 നാഴിക ( 48 മിനിറ്റ്) സമയം വരും. ശുഭ മുഹൂര്‍ത്തത്തില്‍     ചെയ്യുന്ന ക്രിയക്ക് പൂര്‍ണ ഫലം ലഭിക്കുമെന്നാണ് അഭിജ്ഞ മതം.
മുഹൂര്‍ത്തത്തില്‍  'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍  അഭിജിത്തിനെ കണക്കാക്കുന്നു.
നാം ഒരു  കര്‍മ്മത്തിനായി നിശ്ചയിക്കുന്ന ദിവസം മറ്റു യാതൊരു തരത്തിലും മുഹൂര്‍ത്തം ലഭ്യമല്ല എന്ന് വന്നാല്‍ 'അഭിജിത്ത് മുഹൂര്‍ത്തം' കണക്കാക്കി ആ സമയത്ത് ക്രിയ ചെയ്യാവുന്നതാണ്. പകല്‍സമയത്തെ    8 -ആം മുഹൂര്‍ത്തമായ  അഭിജിത്ത്  സകല ദോഷങ്ങള്‍ക്കും അതീതമെന്ന് കല്പിച്ചിരിക്കുന്നു. 
"അഭിജിന്നാമ മധ്യാഹ്നെ മുഹൂര്തോ വൈഷ്ണവ സ്മൃതാത് ;
ചക്രമാദായ   ഭഗവാന്‍ വിഷ്ണുര്‍ദോഷാന്‍ വ്യപോഹതി"
എന്ന് വാക്യവും ഉണ്ട് .
ദിന മാനമാനുസരിച്ചു അഭിജിത്ത് മുഹൂര്‍ത്തം ആരംഭിക്കുന്ന സമയത്തിലും മുഹൂര്‍ത്തത്തിന്റെ ദൈര്‍ഘ്യത്തിലും വ്യത്യാസം വരാം. ആയതിനാല്‍ഇത് കൃത്യമായി കണക്കാക്കേണ്ടി  വരും.  ബുധനാഴ്ച അഭിജിത്ത് മുഹൂര്‍ത്തം എടുക്കാന്‍ പാടില്ല. മധ്യാഹ്നം വരുന്ന  സമയത്തിന്റെ മുന്നിലും പിന്നിലും 10 വിനാഴിക പ്രധാന കര്‍മ്മത്തിന് ഒഴിവാക്കുന്നത് നന്ന്.

Tuesday, February 19, 2013

നിലവിളക്കും ദീപനാളങ്ങളും


നിലവിളക്ക് ദേവന്റെ ശരീരം തന്നെയാണ്. പൂജയില്‍ ഷഡാധാര ശരീരത്തിനുള്ള ഉപചാരങ്ങള്‍ വിളക്കിന് നല്കാറുണ്ട്. 
നിലവിളക്കില്‍ എത്ര തിരികള്‍ വേണം? എങ്ങോട്ട് തിരിച്ചാണ് ദീപം തെളിയിക്കേണ്ടത്? 
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ഇങ്ങനെ തിരികളുടെ സംഖ്യ. ഇതിന്റെ ഫലം ഇവയാണ് 

"ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍ ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം, ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ ദ്വിവര്‍ത്തിസ്തു സുശോഭനം"

 അതായത് ഒരു നാളം അനാരോഗ്യം, രണ്ടു നാളം ക്ഷേമം, ഐശ്വര്യം, മൂന്നു നാളം ആലസ്യം, നാല് നാളം  ദാരിദ്ര്യം, അഞ്ചു നാളം ശുഭത്വം , ഏഴു നാളം ഏറ്റവും ശോഭനം .
ദീപം വീട്ടില്‍ എല്ലാവര്ക്കും സസ്യ- മൃഗാദികള്‍ക്കും കാണിക്കണം. കൈ കാല്‍ മുഖം കഴുകി ഭസ്മം ധരിച്ചു മുഷിയാത്ത വസ്ത്രം ധരിച്ചു വേണം വിളക്ക് തെളിക്കാന്‍. സന്ധ്യാദീപം ദര്‍ശിക്കുന്നത് വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നാണെങ്കില്‍ ഉത്തമവും പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ നിന്ന് അശുഭമെന്നും പറയപ്പെടുന്നു.
ഒരിക്കലും ദീപം എണ്ണ  വറ്റി കരിന്തിരി കത്താന്‍ ഇടയാകരുത്. നിശ്ചിത മുഹൂര്‍ത്തം കഴിഞ്ഞാല്‍ ദീപം കെടുത്താം. പുഷ്പദലം കൊണ്ട് ചെയ്യുന്നത് ഉത്തമം. വസ്ത്രം കൊണ്ട് സാധാരണം, കൈ വീശി കെടുത്തുന്നത് മധ്യമം, ഊതി കെടുത്തുന്നത് അധമം.

Thursday, January 31, 2013

ദൈനംദിന വ്യാപാരത്തില്‍ ലാഭ നഷ്ടം അറിയാം

ഓരോ ദിവസവും ലാഭമോ നഷ്ടമോ വരാന്‍ സാധ്യത ? ഇതിനായി ജ്യോതിഷത്തിലുള്ള ഒരു ആചാരം  ഇവിടെ പറയുന്നു. വ്യാപാരം ചെയ്യുന്നയാളിന്റെ ജന്മ നക്ഷത്രം മുതല്‍ ഉദയ നക്ഷത്രം വരെ എണ്ണി കിട്ടുന്ന സംഖ്യയും അന്നത്തെ ആഴ്ച നാഥന്റെ ഒന്‍പതാമത് വാരനാഥന്റെ തുകയും കൂട്ടുക അതിനോട് 9 കൂട്ടി 8-ല്‍  ഹരിക്കുക. ലഭിക്കുന്ന ശിഷ്ടത്തെ കാണുക. പിന്നെ ശിഷ്ടത്തെ സൂര്യന്‍=1, ചന്ദ്രന്‍=2.... ഇങ്ങനെ എണ്ണി ഏതു ഗ്രഹമാണോ കിട്ടുന്നത് അതിനെ അന്നത്തെ ഉദയ ഗ്രഹമായി കരുതി, അതുമുതല്‍ തുടര്‍ന്ന് എണ്ണിയാല്‍ കിട്ടുന്ന ആറാമത്തെ ഗ്രഹം കാണുക. അത് ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ ഇവരായാല്‍ അന്നത്തെ ദിവസം ലാഭം. മറ്റു ഗ്രഹങ്ങള്‍ വന്നാല്‍ അന്ന് നഷ്ടം.

വിഷു ദിനത്തില്‍ നാളികേരം ഉരുട്ടി ഫലം അറിയാം

 ഇപ്പോള്‍ നാം ചിങ്ങം ഒന്നാണ്  വര്‍ഷാരംഭമായി ആഘോഷിക്കുന്നതെങ്കിലും  നമ്മുടെ കാര്‍ഷിക സംസ്കാര പ്രകാരമുള്ള വര്‍ഷാരംഭം മേടം ഒന്ന് അഥവാ മേടവിഷു ആണ്. പഴയ ആചാരമനുസരിച്ച് അന്ന് അടുത്ത ഒരു വര്‍ഷത്തെ ഫലം അറിയാനായി നാളികേരം ഉരുട്ടുന്ന പതിവുണ്ടായിരുന്നു. വിഷു ദിവസം രാവിലെ ഗൃഹനാഥന്‍ പ്രഭാത കൃത്യങ്ങളും സ്നാനവും ദേവ ദര്‍ശനവും കഴിഞ്ഞു ഈ ക്രിയ ചെയ്യുന്നു. വീട്ടില്‍ ശുദ്ധിയായ ഒരു സ്ഥലം തളിച്ച് വൃത്തിയാക്കി, പൂക്കള്‍ കൊണ്ടു അലങ്കരിച്ചു ദീപം തെളിയിച്ച് കര്‍പ്പൂരം ഉഴിഞ്ഞു അന്തരീക്ഷ ശുദ്ധി വരുത്തി ആത്മാരാധന തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്ത് തൊഴുത് സ്വസ്ഥനായി ഇരിക്കുന്നു.

ഇതിനു ശേഷം ഉരുണ്ട ഒരു നാളികേരം കൊണ്ടുവന്ന് പുണ്യാഹതാല്‍ ശുദ്ധി വരുത്തി പൂക്കള്‍ അര്‍പ്പിച്ച് അതിന്റെ മുഖത്ത് കര്‍പ്പൂരം ഉഴിഞ്ഞ് പൂമാല ചാര്‍ത്തി ആരാധിക്കുന്നു. ഇനി കിഴക്ക് അഭിമുഖമായി ഇരുന്ന്  " ഈ വര്‍ഷത്തില്‍ ഈ തറവാടിനും  അംഗങ്ങള്‍ക്കും ഉണ്ടാകുന്ന ഗുണ ദോഷ  ഫലങ്ങളെ സ്പഷ്ടമാക്കേണമേ " എന്ന രീതിയില്‍ ഭക്തി പൂര്‍വ്വം പ്രാര്‍ത്ഥിച്ച് ആ നാളികേരത്തെ കിഴക്ക് ലക്‌ഷ്യം വച്ച് ഉരുട്ടുന്നു. ഉരുളല്‍ നില്‍ക്കുമ്പോള്‍ അതിന്‍റെ മുഖം ഇതു ദിക്കില്‍ വരുന്നുവെന്ന് നിരീക്ഷിക്കുന്നു. അതിന്‍ പ്രകാരം സംവത്സര ഫലത്തെ മനസ്സിലാക്കുന്നു.

മുഖം കിഴക്കായാല്‍ ആയുര്‍ബലവും കാര്യഗുണവും പശുലാഭവും ഐശ്വര്യവും ഫലം. അഗ്നികോണില്‍ കലഹം, ദേഹ ക്ഷതം , കൃഷി നഷ്ടം, പ്രാണഭയം ഇവ ഫലം. തെക്ക് ദിക്കില്‍ ജീവനാശം അഥവാ കഠിന രോഗം, നിരുര്‍തി കോണില്‍ വന്നാല്‍ രോഗം, ശത്രുഭയം, ബന്ധു നാശം, കൃഷി നഷ്ടം ഇവ ഫലം . പടിഞ്ഞാറേ ദിക്കില്‍ മുഖം വന്നാല്‍ രോഗപീഡ, ദ്രവ്യ ലാഭം, കൃഷിഗുനം, ധാന്യ സമൃദ്ധി ഇവ ഫലം. ധന ലാഭവും ഉണ്ടാകും. വായു കോണില്‍ വന്നാല്‍ മനോദുഃഖം , ഭാര്യയുമായി കലഹം, കള്ളന്മാരില്‍നിന്നു ഭയം, ദാരിദ്ര്യം. വടക്ക് ദിക്കില്‍ ആണെങ്കില്‍ മംഗള ദ്രവ്യം ലഭിക്കും. രാജാവിന്‍റെ പ്രീതി, കൃഷിഗുണം  ഇവ ഫലം. ഈശാന കോണില്‍ കാര്യ നാശം, കൃഷി നഷ്ടം, നാല്‍ക്കാലികള്‍ക്കു നാശം, മൃത്യു ദുഃഖം ഇവ ഫലമാകുന്നു. മുഖം നേരെ മുകളിലേക്കോ അധോമുഖമായോ വന്നാല്‍ അശുഭം, കാര്യ വിഘ്നം, മൃത്യുഭയം ഇവ ഫലം. ഇപ്രകാരമാണ് ഫലം മനസ്സിലാക്കുന്നത്. 




Saturday, October 9, 2010

വിവാഹം

പ്രാചീന കാലത്തെ മനുഷ്യന് ഇരതേടുക, ഇണചേരുക, ഉറങ്ങുക, സ്വയം സംരക്ഷിക്കുക തുടങ്ങിയ ചര്യകള്‍ മാത്രമായിരുന്നു ജീവിതം. ഇതില്‍ ഇണതേടുക എന്ന ക്രിയക്ക് സദാചാര നിബദ്ധമായ ഒരു രൂപം കൊണ്ടുവന്നത് ഉദ്ദാലക മഹര്‍ഷിയുടെ പുത്രനായ ശ്വേതകേതുവാണ് എന്ന് ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. ഈ ക്രിയക്ക് ഉദ്വാഹം അഥവാ മാഹാത്മ്യമുള്ള വഹിക്കല്‍ എന്നു പേരും നല്‍കി. മഹര്‍ഷീശ്വരന്മാര്‍ ഇതിന് നിയതമായ ക്രിയകളും മുഹൂര്‍ത്തങ്ങളും കല്‍പ്പിച്ചുനല്‍കി. എങ്കിലും ഇന്നും വിവിധ സമുദായങ്ങളില്‍ വിവാഹാചാരങ്ങള്‍ വ്യത്യസ്തമാണ്.

വിവാഹം പ്രധാനമായും 8 തരത്തില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ബ്രാഹ്മം,ദൈവികം,ആര്‍ഷം,കായം,ആസുരം, ഗാന്ധര്‍വം, രാക്ഷസം, പൈശാചം എന്നിവയാണവ. ഇതില്‍ ദൈവികം എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമാണ്. ഇപ്പോള്‍ നാം അനുവര്‍ത്തിക്കുന്ന തരത്തിലുള്ള ജാതകപ്പൊരുത്തവിശകലനം വേദകാലത്ത് ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. ശ്രുതികളിലോ സ്മ്രുതികളിലോ ഇത്തരത്തില്‍ സൂചനകള്‍ ഒന്നുമില്ല.എന്നാല്‍ കുടുംബജീവിതം സമൂഹത്തിന്‍റെ അടിത്തറയായി മാറാന്‍ തുടങ്ങുകയും സാമൂഹ്യജീവിതം നിശ്ചിത നിയമങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ പരസ്പരം ചേര്‍ച്ചയുള്ള സ്ത്രീപുരുഷന്മാരെ കണ്ടെത്തേണ്ടതായി വന്നു. ക്രുഷി, വീട്, സമ്പത്ത് തുടങ്ങിയവക്കുമപ്പുറം എന്തോ ഒന്ന് സന്തുഷ്ടമായ കുടുംബജീവിതത്തെ നിയന്ത്രിക്കുന്നതില്‍ ഉണ്ടെന്ന് അന്നത്തെ ഗവേഷകര്‍ മനസ്സിലാക്കി. തുടര്‍ച്ചയായ നിരീക്ഷണം മാത്രമായിരുന്നു അവരുടെ പഠനോ‍പകരണം. ഇതില്‍ നിന്നാണ് ഗ്രഹനിലകളും ജന്മനക്ഷത്രങ്ങളും ഒരു വ്യക്തിയുടെ വിവാഹ ജീവിതത്തെ ബാധിക്കുന്നുവെന്നും അതുമായി ചേരുന്ന ഗ്രഹനിലയുള്ള മറ്റൊരു വ്യക്തിയുമായി മാത്രമേ സന്തുഷ്ട കുടുംബജീവിതം സാധ്യമാകൂ എന്നും അവര്‍ കണ്ടെത്തിയത്. ഇതിന്‍റെ തുടര്‍ച്ചയായാവണം ചൊവ്വാദോഷം, പാപസാമ്യം തുടങ്ങിയ തത്വങ്ങള്‍ കണ്ടുപിടിച്ചത്.

സ്ത്രീജാതകത്തില്‍ വൈധവ്യദോഷമുണ്ടെങ്കില്‍ അതേപോലെ വിധുരതാ ലക്ഷണം ഉള്ള പുരുഷജാതകം അതില്‍ ചേര്‍ക്കുന്നത് ശുഭമാണ് എന്ന പരാശരഹോരാപ്രമാണമാണ് ചൊവ്വദോഷചിന്തയുടെ അടിസ്ഥാനം. പാപസാമ്യവും ഇത്തരത്തില്‍ തന്നെ എങ്കിലും അതില്‍ പൂര്‍വജന്മാര്‍ജിത പുണ്യം കൂടി പരിഗണിക്കേണ്ടി വരുന്നു. സ്ത്രീ ജാതകത്തില്‍ പാപം അല്പം കുറഞ്ഞിരിക്കുന്നത് നന്നെന്നാണ് ജ്യോതിഷത്തിന്‍റെ കാഴ്ചപ്പാട്. ഓരോ നക്ഷത്രങ്ങളിലും ജനിച്ചവര്‍ക്കുള്ള പ്രത്യേകതകള്‍, സ്വഭാവം ഇവയുടെ പൊരുത്തമാണ് നക്ഷത്രപൊരുത്തത്തിന് അടിസ്ഥാനം. രാശി, രാശ്യധിപന്‍, വശ്യം, മാഹേന്ദ്രം, ഗണം, യോനി, ദിനം, ദീര്‍ഖം, രജ്ജു, വേധം ഇവയാണ് അവ. ഇതിനു പുറമെ സ്ത്രീപുരുഷന്മാരുടെ ദശാസന്ധികള്‍ ഒരുമിച്ചു വരുമൊ എന്നും ഗ്രഹചാരദോഷങ്ങള്‍ ഒരുമിച്ചു വരുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിനും പുറമെ സൂക്ഷ്മമായി അഷ്ടകവര്‍ഗപ്പൊരുത്തം, ചിത്താനുകൂല്യം, ആയവ്യയപ്പൊരുത്തം എന്നിവയും നോക്കാറുണ്ട്. ‘ശശാങ്കശാരദീയം’ എന്ന ഗ്രന്ഥത്തില്‍ നിസ്സന്താനജാതകത്തില്‍ സസന്താന ജാതകത്തേയും നിര്‍ദ്ദയത്വത്തോട് കരുണയുള്ളതിനേയും ദരിദ്രജാതകത്തോട് ധനിക ജാതകത്തേയും രോഗിയോട് അരോഗിയേയും അറിവില്ലാത്തതിനോട് വിജ്ഞാനിയുടെ ജാതകത്തേയും ചേര്‍ക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിനും പുറമെ ഹസ്ത രേഖാ പ്രകാരവും പൊരുത്തം നോക്കാറുണ്ട്.

വിവാഹ മുഹൂര്‍ത്തത്തിനും പൊരുത്തത്തോളം തന്നെ പ്രാധാന്യമുണ്ട്. ശുഭതിഥികളും ശുഭ നക്ഷത്രങ്ങളും തെരഞ്ഞെടുത്ത ശേഷം മാത്രം മതി രാഹുകാലം നോക്കുന്നത്. മേടം രാശിയും മുഹൂര്‍ത്ത രാശിയില്‍ ചന്ദ്രനും അഷ്ടമത്തില്‍ രാഹു/ ചൊവ്വ ഈ ഗ്രഹങ്ങളും ഏഴില്‍ ഏതെങ്കിലും ഗ്രഹം നില്‍ക്കുന്നെങ്കില്‍ അതും മീനമാസം രണ്ടാം പകുതിയും കര്‍ക്കിടകം, കന്നി, കുംഭം,ധനു മാസങ്ങളും ഒഴിവാക്കണം. മുഹൂര്‍ത്തത്തിനു നോക്കിയ നക്ഷത്രത്തില്‍ ഗ്രഹം നിന്നല്‍ ആ നാളും ഒഴിവാക്കണം.ശലാകാ വേധവും വ്യാഴം, ശുക്രന്‍ ഇവരുടെ ബാല്യവാര്‍ധക്യങ്ങളും പാടില്ല. വരന്‍ ജനിച്ച നക്ഷത്രം ഒഴിവാക്കണം. ജന്മരാശിയുടെ ഏഴില്‍ ഏതെങ്കിലു ഗ്രഹം നിന്നാല്‍ അക്കാലവും ഒഴിവാക്കണം. ശുഭമുഹൂര്‍ത്തത്തില്‍ ചെയ്യുന്ന വിവാഹം ശ്രേയസ്കരമായിരിക്കും. ഇപ്രകാരം നല്ല സമയം ഗ്രഹനില പ്രകാരം ലഭിക്കാത്ത സാഹചര്യത്തിലും അടിയന്തിരമായി ഒരു നിശ്ചിത ദിവസം തന്നെ വിവാഹം നടത്തേണ്ടി വരുമ്പോഴും പകല്‍ എട്ടാമത്തെ മുഹൂര്‍ത്തമായ ‘ അഭിജിത്’ മുഹൂര്‍ത്തം നിര്‍ദ്ദേശിക്കാവുന്നതാണ്. പൂര്‍ണമായും ശുഭമായ മുഹൂര്‍ത്തങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മുഹൂര്‍ത്ത പ്രായശ്ചിത്തമെന്ന നിലയില്‍ ചില വഴിപാടുകള്‍ ചെയ്യുന്നത് ഗുണകരമായിരിക്കും.

പ്രേമവിവാഹങ്ങളുടെ കാര്യത്തില്‍ പലപ്പോഴും ജാതകപ്പൊരുത്തം, പാപസാമ്യം ഇവയൊന്നും നോക്കാന്‍ കഴിയാറില്ല. പല പ്രേമബന്ധങ്ങളും ദു:ഖപര്യവസായിയാകാനും ഇതായിരിക്കാം കാരണം. പക്ഷെ, ജ്യോതിഷത്തില്‍ ചില പരിഹാര കര്‍മ്മങ്ങളോടെ പൊരുത്തമില്ലാത്ത ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കാനും വിധിയുണ്ട്. ഇപ്രകാരം ചെയ്യുന്ന പലരും സ്വസ്ഥതയോടെ ജീവിക്കുന്നതായും കാണുന്നു. ഏതൊരു കര്‍മ്മത്തിനും ദൈവാനുകൂല്യമാണ് പ്രധാനം എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്.

Tuesday, October 5, 2010

സ്വപ്നദര്‍ശനവും അവയുടെ ഫലങ്ങളും

സ്വപ്നങ്ങളുടെ സ്വാധീനം, സ്വപ്നഫലം ഇവ സഹസ്രാബ്ദങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിലും ഇതിനെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വപ്നത്തില്‍ കാണുന്ന സ്ഥലങ്ങള്‍, ആളുകള്‍, മ്രുഗങ്ങള്‍, മറ്റു ജീവികള്‍,നിറം, വസ്തുക്കള്‍,ദിക്ക്,സ്വപ്നത്തിലെ പ്രവ്രുത്തികള്‍ തുടങ്ങിയവ ആധാരമാക്കിയാണ് ഫലം പറയുന്നത്. തനിക്ക് അറിവുള്ള കാര്യങ്ങളെപ്പറ്റിയുള്ള സ്വപ്നം ഇന്ദ്രിയസംബന്ധിയാണ്. അറിയാത്തതിനെ സ്വപ്നം കാണുന്നത് ഭാവിയിലുണ്ടാകാവുന്ന അനുഭവത്തെ സൂചിപ്പിക്കുന്നു. രാ‍ത്രി കണ്ട്,പെട്ടെന്ന് മറന്നുപോകുന്ന സ്വപ്നം നിഷ്ഫലവും പ്രഭാതത്തില്‍ കണ്ട സ്വപ്നം ഫലദായകവുമാണ്.

സ്വപ്നത്തില്‍ ശത്രുക്കളെ ജയിക്കുന്നതായി കണ്ടാല്‍ വിജയം ഉണ്ടാകും.ദേവന്മാരെയും ബ്രാഹ്മണരെയും സജ്ജനങ്ങളെയും ജ്വലിക്കുന്ന അഗ്നിയും കന്യകയേയും ശുഭ്രവസ്ത്രം ധരിച്ച ബാലകരെയും കാണുന്നത് ശുഭം. കുട, കണ്ണാടി, വിഷം, മാംസം, അമേധ്യം, കായകള്‍ ഇവ നേടുന്നതായി കാണുന്നത് ശുഭം.മാളികയില്‍ കയറുന്നതും പശു, കുതിര ഇവയില്‍ ഏറുന്നതും നല്ല ഫലം കാണിക്കുന്നു. നദിയും സമുദ്രവും ജലാശയവും കടക്കുന്നതായുള്ള കാഴ്ചകളും നല്ലത്. അഗമ്യകളായുള്ള സ്ത്രീകളുമാ‍യി ബന്ധം, കരയുക, വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കല്‍, അഭിനന്ദനം നേടുക ഇവ കാര്യസിദ്ധി, ധനലബ്ധി ഇവ സൂചിപ്പിക്കുന്നു. രക്തവും മദ്യവും കുടിക്കുന്നതായി കാണുന്നതും ധനയോഗസൂചകമാണ്. ചന്ദനം, വെഞ്ചാമരം ഇവ കിട്ടുക, അട്ടയുടെ കടിയേറ്റതായി കാണുക ഇവ സന്താന ലാഭത്തെ കാണിക്കുന്നു.നെയ്പായസം തിന്നതായി കാണുന്നവന് വിദ്യാ സമ്പത്ത് ലഭിക്കും.ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം ഇവ കാണുന്നത് രോഗികള്‍ക്ക് ആരോഗ്യം നല്‍കും. തൈര്, കുടം, അരി, പാല്‍ ഇവ നെടുന്നതായി കണ്ടാല്‍ ലക്ഷ്മീ കടാക്ഷം ലഭിക്കും.

പര്‍വതം പൊട്ടുന്നതായും പാപിയുടെ ഗ്രുഹത്തില്‍ പോകുന്നതായും ചിതയിലും ഇരുട്ടുമുറിയിലും പ്രവേശിക്കുന്നതായും കാണുന്നവന് ജീവിതദുരിതം ഫലം.കാഷായ വസ്ത്രം ധരിച്ചവര്‍, ചുവന്ന കണ്ണുള്ളവര്‍, കറുത്ത നിറമുള്ളവര്‍ ഇവരുടെ ദര്‍ശനവും നല്ലതല്ല.ദുഷ്ടയും ആചാരകര്‍മ്മങ്ങളില്‍ വിമുഖയും നീണ്ട മുടിയും നീണ്ട വലിയ മുലകളും നഖവും ചെമന്നതല്ലാത്ത വസ്ത്രം ധരിച്ചതുമായ സ്ത്രീയെ സ്വപ്നം കണ്ടാല്‍ അടുത്ത രാത്രി തികഞ്ഞ് ജീവിക്കുകയില്ല എന്നറിയണം.സൂര്യന്‍ ചന്ദ്രന്‍ ഇവര്‍ വീണതായി കാണുന്നത് സ്ഥാനഭ്രംശം സൂചിപ്പിക്കുന്നു.ചൂരല്‍, വള്ളി, മുള ഇവ തനിക്കു ചുറ്റും പടര്‍ന്നതായി കണ്ടാല്‍ പ്രവ്രുത്തിരംഗത്ത് ശത്രുഭയം ഉറപ്പാണ്. ഒഴുക്കില്പെട്ട് ഒലിച്ചു പോകുന്നത് നഷ്ട സൂചകം.വിവാഹം കാണുന്നത് മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഇടയാക്കും. വ്രുദ്ധനാകുക,ക്ഷൌരം ചെയ്യുക,ചെരിപ്പ് നശിക്കുക, സ്വര്‍ണ്ണം, ഇരുമ്പ് ഇവ ലഭിക്കുക ഇവ അനര്‍ഥസൂചകമാണ്. ഇപ്രകാരം സ്വപ്ന ഫലങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രൂരജന്തുക്കളുടെ ഉപദ്രവം കാണുന്നത് ആഭിചാരത്തെ സൂചിപ്പിക്കുന്നു. ഗുഹ്യകജമായ സ്വപ്നം പിത്തരോഗത്തെയും ബാധോപദ്രവത്തെയും സൂചിപ്പിക്കുന്നു. വര്‍ഷ കാലത്ത് രാത്രിയുടെ അന്ത്യത്തില്‍ സ്വപ്നം കാണുന്നത് വാതം കോപിക്കുമ്പോഴാണ്. പിത്തം കോപിച്ചാല്‍ മദ്ധ്യ സമയത്തും കഫം കോപിച്ചാല്‍ രാത്രിയുടെ അന്ത്യത്തില്‍ മിക്കപ്പൊഴും സ്വപ്നം കാണും. ഉണര്‍ന്ന ശേഷം ഓര്‍മ്മിക്കുന്ന സ്വപ്നത്തിനു പൂര്‍ണ്ണ ഫലം ഉണ്ടാകും.

ദുസ്വപ്നം കണ്ടതിന്‍റെ ദുരിതം(ഭാവിയിലെ പ്രശ്നങ്ങള്‍) ഒഴിവാക്കാനായി ദാനം, ഹോമം, ജപം തുടങ്ങിയവ സഹായിക്കുന്നു. സ്വപ്നഫല വിശകലനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സ്വപ്നം ഉപബോധ മനസ്സിന്‍റെ സ്രുഷ്ടിയാകയാല്‍ ഇതില്‍ നിന്നും ഒരാളുടെ വ്യക്തിത്വവും മനസ്സിലാക്കാം. രോഗ നിര്‍ണ്ണയത്തിലും ഈ ശാസ്ത്രം ഫലപ്രദമായി ഉപയോഗിക്കാം. പരിഹാരം ചെയ്യുന്നത് നിശ്ചിത വിധിപ്രകാരമാകുന്നത് ഉത്തമം.

Sunday, February 28, 2010

ജ്യോതിഷം – പ്രപഞ്ചസൃഷ്ടിയും ജ്യോതിശ്ശാസ്ത്രത്തിന്റെ ഉത്ഭവവും (Astrology- The Origin of Universe :Hindu concept)



ഓം
ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു .
മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരു:
ഉദേതു സതതം സംയഗജ്ഞാന തിമിരാരുണ:
(ജാതകാദേശം)

വിരാട് പുരുഷൻഎന്ന് വേദോപനിഷത്തുക്കളിൽ പ്രതിപാദിക്കപ്പെടുന്നതും വാക്കുകളാലോ ചിഹ്നങ്ങളാലോ പ്രകടിപ്പിക്കാൻ കഴിയാത്തതുമായ പരിപൂർണ്ണമായ ഊർജ്ജസ്ത്രോതസ്സിൽ നിന്നുമാണ് നാം ജീവിക്കുന്ന ഭൂമിയുൾപ്പെടെയുള്ള അനേകം ആകാശഗോളങ്ങളും നക്ഷത്രങ്ങളും മേഘപടലങ്ങളും അടങ്ങിയ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്ന് ഭാരതീയ ശാസ്ത്രസംഹിതകൾ മനസ്സിലാക്കിത്തരുന്നു.

ആദ്യമുണ്ടായ മൂലപ്രപഞ്ചം പിന്നീട് പതിനാല് ലോകങ്ങളായി. ഇതിൽ വിരാട്പുരുഷന്‍റെ നാഭീദേശമായി അവയവ കല്പന ചെയ്തിട്ടുള്ള ഭാഗമാണ് ഭൂലോകം. അതിനാലാണ് ഭൂലോകത്തിൽ ഇപ്പോഴും നാഭീദേശത്തുനിന്നും ജീവജാലസൃഷ്ടി സംഭവിക്കുന്നതെന്ന് വേദം പറയുന്നു. ആദിയിൽ ഭൂലോകം ജലത്താൽ മൂടിക്കിടന്നിരുന്നു. ജലത്തിൽ ശയനം കൊണ്ടിരുന്ന വിരാട്പുരുഷ ഭാഗം നാരായണൻ എന്നറിയപ്പെട്ടു. നാരായണന്‍റെ നാഭിയിൽ നിന്നും എട്ടു ദിക്കുകളാകുന്ന ഇതളുകളോടുകൂടിയ താമരപ്പൂവിലിരുന്ന് വിരാട്പുരുഷനിൽ നിന്നു തന്നെ രൂപം പൂണ്ട ബ്രഹ്മാവ് എന്ന സൃഷ്ടികർത്താവ് ജീവജാലസൃഷ്ടി ആരംഭിച്ചു. സൃഷ്ടി സ്ഥിതി സംഹാരങ്ങളിലൂടേയും ജനിമൃതികളിലൂടെയും ജന്മ-പുനർജന്മങ്ങളിലൂടെയും വ്യാപരിക്കുന്ന ഊർജ്ജ സംവിധാനത്തിന്‍റെ അപാരത മനസ്സിലാക്കാൻ ആഗ്രഹിച്ച ബ്രഹ്മദേവന് നാരായണൻ അവ കാര്യകാരണസഹിതം വിശദീകരിച്ചു. ബ്രഹ്മമെന്ന പരമസത്യം വിവിധ രൂപങ്ങളിൽ ജന്മം കൊണ്ട് ഭൂമിയുടെ നിലനിൽ‌പ്പിന് ആധാരമാകുന്ന രീതിയിൽ തന്‍റെ കർമ്മം നിർവ്വഹിച്ച് തിരികെ ബ്രഹ്മത്തിൽ ലയിക്കുന്ന അനേകം ആത്മാവുകളായി പഞ്ചഭൂതങ്ങള്‍ സ്വാംശീകരിച്ച് ഭൂമിയിൽ അവതരിക്കുന്നതും അവയുടെ ജന്മപരമ്പരകളും ജനനസമയത്തെ ആധാരമാക്കി അവയ്ക്ക് ഭൌതികവും ആത്മീയവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതും കാലഗണനയെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചമാറ്റങ്ങളും ചേര്‍ത്ത് ഇപ്രകാരം ഉപദേശിക്കപ്പെട്ട ശാസ്ത്രമാണ് ജ്യോതിശാസ്ത്രമെന്ന് (മലയാളഭാഷയില്‍ ചുരുക്കമായി ജ്യോതിഷം’  എന്ന് വ്യവഹരിക്കപ്പെടുന്നു) അറിയപ്പെടുന്ന മഹാശാസ്ത്രം.

ഓംകാരത്തില്‍ നിന്ന് ഉത്ഭവിച്ച സ്വര്‍ഗ്ഗീയ ഗോളങ്ങളെ (celestial bodies) നിത്യമായി നിലനിര്‍ത്താനായി പരിവാഹംഎന്ന മണ്ഡലവും വിരാട് പുരുഷന്‍ സൃഷ്ടിച്ചു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളും അനേകകോടി നക്ഷത്രലോകങ്ങളും (സൌരയൂഥങ്ങള്‍) ഉള്‍പ്പെടുന്ന ഈ മണ്ഡലം ജ്യോതിശ്ചക്രംഎന്ന് അറിയപ്പെടുന്നു. മണ്ഡലത്തിലെ ഗ്രഹ - നക്ഷത്രാദികളുടെ ചലനങ്ങളും പരസ്പര ആകര്‍ഷണ - വികര്‍ഷണങ്ങളും അതുമൂലമുണ്ടാകുന്ന ഋതുഭേദങ്ങളും അവയുടെ സ്വാധീനം മൂലം ജീവജാലങ്ങള്‍ക്കും അചേതന വസ്തുക്കള്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളും പരിവര്‍ത്തനങ്ങളും പഠനാത്മകമായി വിവരിക്കുന്ന ജ്യോതിശ്ശാസ്ത്രം വേദത്തിന്റെ കണ്ണ് എന്ന് അറിയപ്പെടുന്നു.